കേളകം (കണ്ണൂർ):- മാപ്പങ്ങനെ ചുമ്മാ കേറി വന്നതല്ല എന്നും മനപ്പൂർവം പ്രസിദ്ധീകരിച്ചതാണെന്നും കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് വ്യക്തമാക്കിയതോടെ ഇനി കടുത്ത പ്രതിഷേധമല്ലാതെ മറ്റ് വഴികൾ ജനത്തിന് മുന്നിൽ ഇല്ല എന്ന സ്ഥിതി വന്നിരിക്കുന്നു. മാപ്പും ഇ എസ് എ വിഷയവും കൈകാര്യം ചെയ്യുന്ന ഈ ഡയറക്ടറേറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ്റ നേരിട്ടുള്ള വകുപ്പിന് കീഴിലായതു കൊണ്ട് കളി വേറേ ലവലാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇഎസ്എ മാപ്പ് തെറ്റായി പുറത്തു വന്നതാണെന്നും ഉദ്യോഗസ്ഥർ പടച്ചുവിട്ടത് ബുദ്ധിപൂർവ്വം പണി തന്നതാണെന്നും ഉള്ള വിശ്വാസത്തിൻ്റെ കടയ്ക്കൽ കത്തിവച്ചു കൊണ്ടാണ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ്റെ വിശദീകരണം എത്തുന്നത്. ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരുടെയെല്ലാം നിർദ്ദേശപ്രകാരമാണ് മാപ്പ് പ്രസിദ്ധീകരിച്ചതെന്ന് പറയുന്ന ഡയറക്ടറേറ്റ് ജനം വിഷയം അറിയുന്നതിന് വേണ്ടിയാണ് പ്രസിദ്ധീകരിച്ചത് എന്നും വ്യക്തമാക്കി. ഇനി ഈ മാപ്പ് ഗതികേടാണോ അതോ കരുതിക്കൂട്ടിയുള്ള പണിയുടെ ഭാഗമായുള്ള വെല്ലുവിളി ആണോ എന്നേ വ്യക്തമാകേണ്ടതുള്ളൂ. ഒരു കാര്യം വ്യക്തമായിട്ടുള്ളത് കണ്ണൂർ ജില്ലയിലെ ചെറുവാഞ്ചേരി, ആറളം, കൊട്ടിയൂർ വില്ലേജുകളിൽ ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളെയും ഒഴിവാക്കി പഞ്ചായത്തുകൾ സമർപ്പിച്ച റിപ്പോർട്ടും മാപ്പും പരിഗണിക്കാതെയാണ് ഇപ്പോൾ മാപ്പ് പുറത്തുവിട്ടത് എന്ന് വ്യക്തമാണ്. ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത് ഇപ്രകാരമാണ് - എല്ലാ ജില്ലാ പഞ്ചായത്തുകളിലും ഇഎസ്എ സംബന്ധിച്ച സെമിനാറും നടപടി ക്രമങ്ങളിൽ പരിശീലനവും നൽകിയ ശേഷം സമാഹരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് മാപ്പ് തയാറാക്കിയത്. മാപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ സെക്രട്ടറിക്കാണ് കൈമാറിയത്. അവർ ആവശ്യപ്പെട്ട പ്രകാരമാണ് വെബ്‌സൈറ്റിലേക്ക് നൽകാൻ ചീഫ് സെക്രട്ടറി നിർദേശിച്ചത്. പരിസ്‌ഥിതി ലോലമായ വില്ലേജും അവിടെ പരിസ്ഥിതി ലോലമായ പ്രദേശവും രണ്ട് വ്യത്യസ്‌ഥമായ നിറങ്ങളിൽ കൊടുത്തത് പെട്ടെന്ന് കാര്യങ്ങൾ വ്യക്‌തമാകാൻ വേണ്ടിയാണ്. പരാതി ഉള്ളവർക്ക് അക്കാര്യം അറിയിക്കുന്നതിന് വേണ്ടിയാണ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്. പഞ്ചായത്തുകൾ നൽകിയ റിപ്പോർട്ട് പ്രകാരം വനത്തിനുള്ളിലെ ആദിവാസി സെറ്റിൽമെൻ്റ പ്രദേശങ്ങൾ ഒഴിവാക്കിയിരുന്നു. ഇത് വെറും 200 ചതുരശ്ര കിലോമീറ്റർ വരെ മാത്രമാണ്. ഉമ്മൻ വി ഉമ്മൻ കമ്മിറ്റി ആദ്യം സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കേരളത്തിലെ 123 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്എയിൽ വരും ഇതിൽ 9107 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ്. 886 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശങ്ങളാണ് എന്നാൽ ഫലത്തിൽ ഇത്രയും പരിസ്‌ഥിതി ലോല മേഖല ഉണ്ടാകില്ല. വനവും വനേതര ഭൂമിയും ലീസിന് കൊടുത്ത പ്ലാൻ്റേഷനുകൾ, ഡാമുകൾ എന്നിവയെല്ലാം കൂടി ചേർത്താലും 123 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്റർ ഇഎസ്എ ഭൂമിയാണ് ഉണ്ടാകുക എന്ന് കണ്ടെത്തി മാപ്പും റിപ്പോർട്ടും പുതുക്കി നൽകാനാണ് സർക്കാർ നിർദേശം ഉള്ളത്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി മാപ്പ് തയാറാക്കുകയാണ് ചെയ്തത്. വിവിധ ഘട്ടങ്ങളിലായി തയാറാക്കിയ റിപ്പോർട്ടിലും മാപ്പിലും 92 വില്ലേജുകൾ മാത്രം ഉൾപ്പെട്ട സന്ദർഭവും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അത് 131 വില്ലേജ് ആയിട്ടുണ്ട് കേരളം മുതൽ ഗുജറാത്ത് വരെ ആകെ ഇഎസ്എ യുടെ വിസ്തൃതി 56,000 ചതുരശ്ര കിലോമീറ്റർ ആയിരിക്കണം എന്ന നിബന്ധനയിൽ ഇപ്പോഴും കേന്ദ്ര സർക്കാർ ഉറച്ചു നിൽക്കുകയാണ്. ഇപ്പോൾ സമർപ്പിച്ച രേഖയും കേന്ദ്ര സർക്കാർ സ്വീകരിക്കും എന്ന് കാര്യത്തിൽ ഉറപ്പില്ല. രേഖ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ ആണെന്നും കാലാവസ്‌ഥ വ്യതിയാന വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
That the map was not dragged, it was brought by the river